ശബരിമലയിലെ പുതിയ വിവാദം സര്‍ക്കാര്‍ ഗൂഡാലോചനയെന്ന് ഉമ്മന്‍ചാണ്ടി

B.S. Shiju
Wednesday, January 2, 2019

ദുബൈ: ശബരിമലയിലെ യുവതീപ്രവേശ വിഷയം സംബന്ധിച്ച പുതിയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണെന്നും അദേഹം ആരോപിച്ചു.

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിന് പകരം, ഒരു പക്ഷം പിടിച്ച് , വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് ദോഷമേ ചെയ്യൂ. അതിനാല്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങള്‍. ഒപ്പം, ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി , ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

യുഡിഎഫ് ഭരണക്കാലത്തും പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ ഒന്നിലും പക്ഷം പിടിക്കുകയോ, തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.