ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി വൈകുന്നേരം 5നാണു നട തുറക്കുക. സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി.

കൊടിയേറ്റിനു മുന്നോടിയായി വൈകിട്ട് ശുദ്ധിക്രിയകൾ ആരംഭിക്കും. നാളെ രാവിലെ 7.30 ന് കൊടിയേറും തുടർന്ന് ബിംബ ശുദ്ധിക്രിയകളും നടക്കും. 10 ദിവസം നീണ്ട് നിൽക്കുന്ന ഉൽസവത്തിന് 21ആം തിയതി സമാപനമാകും. ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ട് എഴുന്നള്ളിപ്പും പൂജയും നടക്കും. ആറാട്ട് ഘോഷയാത്ര വൈകിട്ട് 6ന് സന്നിധാനത്തിൽ തിരിച്ചെത്തിയ ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നാളെ രാവിലെ 7.30ന് 10 ദിവസത്തെ ഉത്സവം കൊടിയേറും.

ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ പുതിയ വാതിൽ സമർപ്പണം ഇന്ന് നട തുറന്ന ശേഷം നടക്കും. രാത്രിയിൽ പഴയ വാതിൽ മാറ്റി പുതിയത് സ്ഥാപിക്കും.കോട്ടയം ഇളംപള്ളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി വാതിൽ ശബരിമലയിലെത്തിച്ചു.

ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇത്തവണയും അത്തരത്തിലുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമലയിൽ കടുത്ത നടപടിക്ക് പോലീസ് മുതിരില്ലെന്നാണ് സൂചന.

Sabarimala
Comments (0)
Add Comment