സന്നിധാനം ശരണമുഖരിതം; മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

Monday, November 15, 2021

സന്നിധാനം : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വികെ ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് നട തുറന്നത് .

മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍ പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു.

സ്‌പെഷ്യല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം മനോജ് സന്നിഹിതനായിരുന്നു.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ ഇരുക്ഷേത്രനടകളും ശാന്തിമാരായ എന്‍ പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും തുറക്കും. നാളെ മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം.