ശബരിമല : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍‍

Jaihind News Bureau
Friday, February 5, 2021

Mullappally-Ramachandran

തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് നല്‍കിയ ഉറപ്പാണിത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നും പ്രതികരിക്കരുതെന്നാണ് അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. തരാതരം അഭിപ്രായം മാറ്റിപ്പറയുന്ന സി.പി.എമ്മിന് ആശയവ്യക്തത അല്‍പ്പംപോലുമില്ല. കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്. ഒരു അഖിലേന്ത്യാ പാര്‍ട്ടിക്ക് നിലപാടുകള്‍ ഇല്ലാതെ പോകുന്നത് വലിയ ദുരന്തമാണ്.

സുപ്രീം കോടതിയുടെ വിശാലബഞ്ച് പരിഗണിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത് തെറ്റാണ്. ഭരണഘടനാ വിദഗ്ധരും നിയമജ്ഞരും ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശവും അധികാരവും ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇത് കോണ്‍ഗ്രസ് പഠിക്കുകയും വിലയിരുത്തുകയും ചെയ്തു കൊണ്ടാണ് അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മിഷന്‍ കേരള യാത്രയുമായി ബന്ധപ്പെട്ട് രണ്ടു ദിവസം കേരളത്തില്‍ ഉണ്ടായിട്ടും ശബരിമല വിഷയത്തില്‍ വ്യക്തതയോടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേന്ദ്രത്തിന് നിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ സാധിക്കും എന്നിരിക്കെ അക്കാര്യത്തില്‍ അദ്ദേഹം ഒളിച്ചുകളി നടത്തുന്നു. നിയമനിര്‍മ്മാണം എപ്പോള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അറിയില്ലെന്ന നദ്ദയുടെ പ്രതികരണം വിശ്വാസികളോടുള്ള കടുത്ത വഞ്ചനയും നീതുകേടുമാണെന്നും വിശ്വാസികള്‍ ഇക്കാര്യം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.