മകരജ്യോതി ദർശിച്ച് ഭക്തലക്ഷങ്ങള്‍; ഭക്തിസാന്ദ്രമായി സന്നിധാനം

Jaihind Webdesk
Monday, January 15, 2024

 

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി മകരജ്യോതി ദർശനം. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വൈകിട്ട് 6.47 ഓടെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദൃശ്യമായി. ഭക്തലക്ഷങ്ങളാണ് പുണ്യദർശനത്തിനായി ശബരിമല ക്ഷേത്രത്തിലും പരിസരത്തുമായി തടിച്ചുകൂടിയത്. 6.45ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു ഭക്തർ കാത്തിരുന്ന മകരവിളക്ക് ദർശനം.

ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്‍റുകളിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദര്‍ശിച്ചത്. കനത്തസുരക്ഷയാണ് എല്ലാ വ്യൂപോയിന്‍റുകളിലും ഒരുക്കിയത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നട തുറന്നു. തുടര്‍ന്ന് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മൂന്നുതവണ മകരജ്യോതി ദര്‍ശിച്ചു.

അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിലേക്ക് മാറ്റി. തുടർന്നായിരുന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 ാം തീയതി വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെ തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും.