ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ശബരിമല സ്വകാര്യബില്‍ ചര്‍ച്ചയ്ക്കെടുക്കില്ല. ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന് എം പി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീഴാത്തതാണ് കാരണം. തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നിവയായിരുന്നു മറ്റ് ബില്ലുകള്‍. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നായിരുന്നു ബില്ലിലെ ആവശ്യം.
‘ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഇനിയുള്ള നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബില്‍ ഉള്‍പ്പെടുത്തും. ഒമ്പത് എംപിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യ ബില്ലുകളാണ് ആകെ നറുക്കെടുപ്പിനുണ്ടായിരുന്നത്.