ശബരിമല ലിസ്റ്റ് ബൂമറാങ്ങായി; 51 പേരുടെ ലിസ്റ്റില്‍ 2 പുരുഷന്മാര്‍; സ്ത്രീയാക്കിയതില്‍ അത്ഭുതമെന്ന് പരംജ്യോതി

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടിക ബൂമാറാങ്ങായി തിരിച്ചടിക്കുന്നു. പട്ടികയില്‍ മുഴുവനും ആശയക്കുഴപ്പമാണെന്നാണ് ഉയര്‍ന്നു വരുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. പല സ്ത്രീകളും തങ്ങള്‍ക്ക് 50 വയസ്സില്‍ കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന് പുറമെയാണ് പട്ടികയിലെ പുരുഷന്മാരുടെ സാന്നിദ്ധ്യവും.

പട്ടികയിലെ ആദ്യ പേരുകാരിയായ പത്മാവതി തനിക്ക് 53 വയസ്സുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ആധാറില്‍ വന്ന തെറ്റാകാം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും വോട്ടര്‍ പട്ടികയില്‍ ശരിയായ വയസ്സാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

പട്ടികയിലെ ഏഴാം നമ്പറുകാരിയായ എം. കലാവതി മനോഹര്‍ എന്ന സ്ത്രീയും തനിക്ക് അമ്പത് കഴിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികയില്‍ 21 ആം നമ്പര്‍ ആയി പേര് നല്‍കിയിട്ടുള്ള പരംജ്യോതി പുരുഷനാണ്.  പട്ടികയില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ തന്നെയാണ് താമസം. ആധാര്‍ നമ്പറും അദ്ദേഹത്തിന്‍റേത് തന്നെയാണ്. എന്നിട്ടും തന്നെ സ്ത്രീ ആക്കിയതില്‍ അത്ഭുതവും  ആശ്ചര്യവുമാണ് ഉള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.  നവംബര്‍ 29നായിരുന്നു പരംജ്യോതി ശബരിമലയില്‍ എത്തിയത്.

42ആം സ്ഥാനത്തുള്ള ദേവസിഗാമണിയും പുരുഷനാണ്.

51 പേരുടെ ലിസ്റ്റില്‍ ശബരിമല സന്ദര്‍ശിച്ച മഞ്ജുവിന്‍റെയും ബിന്ദുവിന്‍റെയും കനകദുര്‍ഗ്ഗയുടെയും പേരില്ലെന്നതും ശ്രദ്ധേയം.  കൂടാതെ ശ്രീലങ്കയില്‍ നിന്നെത്തി പതിനെട്ടാം പടി ചവിട്ടിയെന്ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട് സര്‍ക്കാര്‍ തന്നെ യുവതി പ്രവേശം ഉറപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പത്തിയേഴുകാരിയായ ശശികലയുടെ പേര് വിവരങ്ങളും സര്‍ക്കാര്‍ പട്ടികയില്‍ ഇല്ല.

supreme courtSabarimalawomen list
Comments (0)
Add Comment