തീര്‍ത്ഥാടകരെക്കാള്‍ ദുരിതത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍; ഭക്ഷണം പോലും കഴിക്കാതെ ബസില്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്നു

Jaihind Webdesk
Wednesday, December 13, 2023


തീര്‍ത്ഥാടകരെക്കാള്‍ ദുരിതത്തിലാണ് പമ്പ നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിലെ ജീവനക്കാര്‍. ഭക്ഷണംപോലും കഴിക്കാനാവാതെ മണിക്കൂറുകള്‍ ബസില്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ ആളെ നിറയ്ക്കുന്നത് പോലീസാണെന്നാണ് ഇവരുടെ പരാതി. മൂന്നു വട്ടം നിലയ്ക്കല്‍ പമ്പാ ചെയിന്‍ സര്‍വീസ് നടത്തിയെങ്കില്‍ മാത്രമേ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു ഡ്യൂട്ടി പൂര്‍ത്തിയാവുകയുള്ളു. ഡ്യൂട്ടി ടൈം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞാലും മൂന്ന് ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ പിന്നെയും കാത്തിരിക്കണം. പോലീസ് അനുവദിചെങ്കില്‍ മാത്രമേ ബസുകള്‍ ഓടിത്തുടങ്ങൂ. അതും പമ്പയില്‍ നിന്ന് തിരക്കൊഴിയുന്ന മുറയ്ക്ക് നാലോ അഞ്ചോ ബസുകളാണ് കടത്തി വിടുന്നത്. തൊട്ടടുത്ത് ഭക്ഷണം തയാറെങ്കിലും ഏത് സമയത്തും ബസ് എടുക്കേണ്ടി വരുമെന്നതിനാല്‍ നാലും അഞ്ചും ആറും മണിക്കൂര്‍ ബസില്‍ത്തന്നെ കൊടുംചൂടിലും തണുപ്പിലും കാത്തിരിക്കണം. ബസുകള്‍ക്കും ചില തീര്‍ഥാടകര്‍ കേടുപാടുകള്‍ വരുത്തുന്നുണ്ട്. തീര്‍ഥാടകര്‍ തട്ടിക്കയറുന്നതും പതിവ്. ബസ് വരുമ്പോള്‍ തന്നെ തീര്‍ഥാടകര്‍ ബസില്‍ തൂങ്ങുന്നതും ജനലില്‍ കൂടി കയറുന്നതുമെല്ലാം നെഞ്ചിടിപ്പേറ്റുന്നു. അപകടം ഉണ്ടായാല്‍ കുടുങ്ങുന്നത് തങ്ങളാണെന്നും ജീവനക്കാര്‍ ഭയപ്പാടോടെ പറയുന്നു. ഇരുപത് ദിവസമാണ് ഒരു ജീവനക്കാരന്‍ ഡ്യൂട്ടി ചെയ്യേണ്ടത്.