പത്തനംതിട്ട: ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടുന്ന സംഭവവികാസങ്ങളാണ് പുറത്തുവരുന്നതെന്നും, വിഷയത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. പത്തനംതിട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി.) നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തുന്ന നിലവിലെ അന്വേഷണം ബോര്‍ഡിനെ വെള്ളപൂശാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് അനിവാര്യമെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതും വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കുന്നതുമാണ്. ഈ വിഷയത്തില്‍ നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഗുരുതരമായ അലംഭാവവും നിരുത്തരവാദിത്വവുമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ സമീപകാല സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഒക്ടോബര്‍ 9-ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും.
ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എം. നസീര്‍, മുന്‍ ഡി.സി.സി. പ്രസിഡന്റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, കെ.പി.സി.സി. നയരൂപീകരണ സമിതി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.