ശബരിമല; ഹൈക്കോടതി നിരീക്ഷകസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷകസമിതി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സമിതി അംഗങ്ങൾ ശബരിമലയിൽ നേരിട്ട് സന്ദർശനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.

ജസ്റ്റിസ് പി.ആർ രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ, ഡി.ജി.പി എ ഹേമചന്ദ്രൻ എന്നിവരടങ്ങിയ മൂന്നംഗ നിരീക്ഷക സമിതിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ, പോലീസ് നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ നിലവിലെ സ്ഥിതി പൊതുവെ തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരങ്ങളിലുമുണ്ടായ പ്രതിഷേധങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടാവും. സന്നിധാനത്തിന് പുറമെ പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലും മൂന്നംഗ സമിതി സന്ദർശനം നടത്തിയിരുന്നു. വരുംവർഷങ്ങളിലെ തീർഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെ കുറിച്ചുള്ള നിരീക്ഷക സമിതിയുടെ വിലയിരുത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഈ സീസണിലെ ശബരിമലയുടെ പൂർണ മേൽനോട്ടച്ചുമതല ഈ സമിതിക്കാണ്. ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കാനും നിരീക്ഷക സമിതിക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Sabarimalahc panel
Comments (0)
Add Comment