
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അതീവ രഹസ്യമായി വെച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചോദ്യം ചെയ്യല്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായി അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിന് വലിയ രാഷ്ട്രീയ ആഘാതം ഉണ്ടാക്കുമെന്ന് ഭയന്നാണ് അന്വേഷണം മനഃപൂര്‍വം മന്ദഗതിയിലാക്കിയതെന്നും, ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തെ വിമര്‍ശിച്ച കോടതിയുടെ നടപടി പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും മറ്റ് അംഗങ്ങളുമായും ബന്ധപ്പെടുത്തിയതില്‍ മുന്‍ മന്ത്രിക്കുള്ള പങ്ക് വ്യക്തമാണ്. കേസില്‍ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മൂന്ന് സി.പി.എം നേതാക്കളും നിലവില്‍ ജയിലിലാണ്. എന്നിട്ടും ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം തയ്യാറാകാത്തത് ഇരട്ടത്താപ്പാണ്. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടെടുത്ത കേസ് ‘പൈങ്കിളി’ ആരോപണമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാരിന് കീഴിലുള്ള പോലീസ് അന്വേഷിച്ച് കോടതി റിമാന്‍ഡ് ചെയ്ത പ്രതികള്‍ക്ക് ഇതുവരെ ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നത് കുറ്റത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. കൂടുതല്‍ സി.പി.എം നേതാക്കള്‍ ജയിലിലാകുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ വിഹിതം ആരൊക്കെ കൈപ്പറ്റിയെന്ന സത്യം പുറത്തുവരുമെന്നും വി സതീശന്‍ പറഞ്ഞു. എസ്.ഐ.ടി അന്വേഷണത്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും, എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളിക്കെതിരെ മറ്റ് പ്രതികള്‍ നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍ പുറത്തുവരുമ്പോള്‍ സത്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.