‘വർഷങ്ങളുടെ ബന്ധം’; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വെട്ടിലായി കടകംപള്ളി

Jaihind News Bureau
Wednesday, January 21, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ നിർണ്ണായക മൊഴി പുറത്ത്. കേസിൽ റിമാൻഡിൽ കഴിയുന്ന പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. 2017 മുതൽ തനിക്ക് കടകംപള്ളിയുമായി പരിചയമുണ്ടെന്നും അദ്ദേഹം തന്റെ വസതി സന്ദർശിച്ചിട്ടുണ്ടെന്നും പോറ്റി മൊഴി നൽകി.

മന്ത്രിയെന്ന നിലയിൽ പോറ്റിയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന കടകംപള്ളിയുടെ മുൻ വാദങ്ങളെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. 2017-ൽ പോറ്റിയുടെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ താൻ പോയിട്ടുണ്ടെന്നും എന്നാൽ അത് ശബരിമല ഭക്തൻ എന്ന നിലയിലുള്ള പരിചയത്തിന്റെ പുറത്താണെന്നുമാണ് കടകംപള്ളിയുടെ പുതിയ വിശദീകരണം. അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്തപ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയിലെ ദ്വാരപാലക ബിംബങ്ങളിലും വാതിൽ കട്ടിളകളിലും സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പിടിയിലായത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും ഉന്നത ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കെ, മന്ത്രിയുടെ പേര് നേരിട്ട് പരാമർശിക്കപ്പെട്ടത് കേസിന് പുതിയ മാനം നൽകുന്നു. വരും ദിവസങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കൂടി കേസിൽ സജീവമാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.