ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് ദേവസ്വം ബോര്‍ഡ് മറച്ചുവെച്ച ഗുരുതരമായ കുറ്റകൃത്യമാണ്. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ വ്യക്തത ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അയ്യപ്പന്റെ സ്വര്‍ണ്ണം പൂശിയ യഥാര്‍ത്ഥ ശില്‍പ്പം കോടീശ്വരന്മാര്‍ക്ക് വില്‍ക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ പേരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ കേസില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഉറപ്പാക്കി, അന്വേഷണ പുരോഗതി എസ്.ഐ.ടി. നേരിട്ട് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത് ആശ്വാസകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്നതാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെക്കുകയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. ശബരിമലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, സംസ്ഥാനത്തെ ഗുരുതരമായ ഭരണപരവും സാമ്പത്തികപരവുമായ വീഴ്ചകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.