തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019-ലെ ഭരണസമിതിയുടെ കാലത്ത് നടന്ന തട്ടിപ്പില്‍, വ്യാജ ചെമ്പുപാളിയുണ്ടാക്കി ഒറിജിനല്‍ ദ്വാരപാലക ശില്‍പം കോടീശ്വരന്മാര്‍ക്ക് വിറ്റവര്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് 2019-ല്‍ വലിയ തട്ടിപ്പ് നടന്നത്. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതിക്ക് ഇത് അറിയാമായിരുന്നിട്ടും 2025-ല്‍ വീണ്ടും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തിയെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ഹൈക്കോടതി പുറത്തുവിട്ട തെളിവുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തിരുവാഭരണം കമ്മീഷണര്‍ 2025 ജൂലൈ 30-ന്, മദ്രാസിലെ കമ്പനി വിശ്വസിക്കാന്‍ കൊള്ളുന്നതല്ലെന്നും ശില്‍പം പുറത്തുകൊണ്ടുപോകരുതെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് എട്ടാം തീയതി ദേവസ്വം കമ്മീഷണര്‍ നിലപാട് മാറ്റി. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് ഇടപെട്ടിട്ടാണ് കമ്മീഷണറുടെ നടപടിക്ക് എതിരായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് തന്നെ കൊടുക്കണമെന്ന വാശിയോടെ ശില്‍പം കൊണ്ടുപോയതെന്നാണ് ഓഗസ്റ്റ് 21-ന് പുറത്തുവന്ന തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2025-ല്‍ കൊണ്ടുപോയ ദ്വാരപാലകശില്‍പ്പവും വില്‍ക്കുമായിരുന്നുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയൊരു തട്ടിപ്പ് നടക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രം നല്‍കുന്ന പണം മോദിയുടെ വീട്ടിലെ പണമല്ലെന്ന് പറഞ്ഞ അദ്ദേഹം, പണം തരുന്നതിനോടൊപ്പം അനാവശ്യമായി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.
പി.എം. ശ്രീ നടപ്പിലാക്കാന്‍ പാടില്ലെന്ന കടുത്ത നിലപാടാണ് സി.പി.ഐ. എടുത്തിരിക്കുന്നത്. പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. അതേസമയം ‘ഏത് സി.പി.ഐ.?’ എന്നാണ് എം.വി. ഗോവിന്ദന്‍ ചോദിച്ചത്. ഈ നാണക്കേട് സഹിച്ച് സി.പി.ഐ. നില്‍ക്കേണ്ടതുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ഏത് മുസ്ലീം ലീഗെന്ന് ഞങ്ങള്‍ ചോദിക്കില്ലെന്നും മുസ്ലീം ലീഗ് തങ്ങളുടേതാണെന്നും വ്യക്തമാക്കി.