Sabarimala Gold Scam | ശബരിമല സ്വര്‍ണ്ണക്കൊള്ള: നില്‍ക്കക്കള്ളിയില്ലാതെ പത്മകുമാര്‍ എവിടൊളിക്കും? രാഷ്ട്രീയ ആരോപണങ്ങളില്‍ തേഞ്ഞൊട്ടി സിപിഎം

Jaihind News Bureau
Wednesday, November 12, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പുതിയ വിവരങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ തികച്ചും പ്രതിരോധത്തിലാക്കുന്നതാണ്. പാര്‍ട്ടി നോമിനികളെ പ്രതിഷ്ഠിച്ച ദേവസ്വം ബോര്‍ഡിന്റെ അഴിമതിയില്‍ പൊള്ളുകയാണ് പാര്‍ട്ടി. കേസിലെ പുതിയ വെളിപ്പെടുത്തലുകളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ജയിലിലായതും എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും സര്‍ക്കാരിനും പാര്‍ട്ടിക്കും നില്‍ക്കക്കള്ളിയില്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതു സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല.

2018-ല്‍ ശബരിമല സന്നിധാനത്തു നിന്ന് സ്വര്‍ണ്ണം മോഷണം പോയ സംഭവത്തില്‍ ആദ്യം കാര്യമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍, കോടതിയുടെ ഇടപെടലുകളും പുറത്തുവന്ന ചില വിവരങ്ങളും തുടര്‍ന്ന് പ്രതികളുടെ വെളിപ്പെടുത്തലുകളും കേസിന് പുതിയ ആഴം നല്‍കി. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും സിപിഎം രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് മോഷണം നടന്നതെന്ന ആരോപണം ഭരണകക്ഷിയെ നേരിട്ട് ലക്ഷ്യം വെക്കുകയാണ്. ഈ സാഹചര്യത്തിലാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ഉന്നതതല ബന്ധങ്ങളിലേക്ക് കൂടി വിരല്‍ചൂണ്ടുകയും ചെയ്യുന്നു.

അഴിമതിരഹിത ഭരണമെന്ന് വീമ്പടിച്ച് രണ്ടാം തവണയും അധികാരത്തില്‍ തുടര്‍ന്ന സര്‍ക്കാരിന്, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിവാദങ്ങള്‍ക്ക് പിന്നാലെ ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടിയാണ്. മുന്‍ വിഷയങ്ങളിലേക്കാള്‍ ഉപരിയായി ഇത് സര്‍ക്കാരിന്റെ എല്ലാ വിശ്വാസ്യതയും തകര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ ഇടപാടുകളിലെ സുതാര്യതയെയും കാര്യക്ഷമതയെയും ചോദ്യം ചെയ്യും. ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ സിപിഎം നിലപാടുകള്‍ വിശ്വാസികളുടെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ ഹിന്ദു വിശ്വാസികള്‍ക്കിടയിലുള്ള സ്വാധീനം വളരെ കുറച്ചിരുന്നു. ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞത് കേരളത്തിന്റെ മതേതര മനസ്സില്‍ പോലും പാര്‍ട്ടിയോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കും.

ഇതു കൂടാതെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീയതയ്ക്ക് കാരണമാവുകയാണ്. ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ടി നേരിട്ടു നടത്തിയ നിയമനങ്ങള്‍ ഇപ്പോള്‍ വിനയായിരിക്കുന്നു. ചില തീരുമാനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്ന വാദത്തിന് ഇനിയും ശക്തികൂടും. പാര്‍ട്ടി നേതൃത്വത്തിനെതിരെയും ചില വ്യക്തികള്‍ക്കെതിരെയും വിരല്‍ചൂണ്ടി ഇപ്പോള്‍ തന്നെ ഒരു വിഭാഗം രംഗത്തുവന്നു കഴിഞ്ഞു. ഇത് പാര്‍ട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ ബാധിക്കും. എന്‍ വാസുവും പത്മകുമാറും നേരത്തേ തന്നെ പാര്‍ട്ടിക്ക് അനഭിമതായി മാറിയത് ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. പാര്‍ട്ടി നേതാക്കളെ നേരിട്ടു വിമര്‍ശിച്ച് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന പത്മകുമാറിന് ഇനി വരാനിരിക്കുന്നത് അത്ര നല്ല കാലമല്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ വിഷയങ്ങള്‍ വോട്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കും. പ്രത്യേകിച്ച്, മധ്യതിരുവിതാംകൂറിലെയും ശബരിമല സ്വാധീന മേഖലകളിലെയും വോട്ടര്‍മാരുടെ ഇടയില്‍ ഇത് വലിയ ചര്‍ച്ചാവിഷയമാകും.