
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ നീക്കവുമായി യുഡിഎഫ് എംപിമാർ. കേസിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ നാളെ പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. രാവിലെ 10.30നാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഈ വിഷയം കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലായിരിക്കും പ്രധാനമായും പ്രതിഷേധം നടക്കുക.
ഈ വിഷയത്തിൽ സംസ്ഥാനത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) നടത്തുന്ന അന്വേഷണത്തിൽ തടസ്സങ്ങളുണ്ടെന്ന് യുഡിഎഫ് എംപിമാർ ആരോപിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യുഡിഎഫ് ഈ ശക്തമായ പ്രതിഷേധ നീക്കവുമായി മുന്നോട്ട് വരുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ പ്രധാന വിഷയങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാനും കേന്ദ്ര ഇടപെടൽ ഉറപ്പാക്കാനുമാണ് ഈ ധർണ്ണയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും ഈ സ്വർണ്ണക്കൊള്ള വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.