തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
സ്വര്‍ണ്ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. പോറ്റി എത്ര സ്വര്‍ണ്ണം തട്ടിയെടുത്തു എന്നതടക്കമുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്നാണ് സൂചന. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടിയെടുക്കുക.