
ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ തന്ത്രിയെ ഉടൻ തന്നെ സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സബ് ജയിലിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചു. സ്വർണ്ണപ്പാളികൾ ചെമ്പാക്കി മാറ്റിയ മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാൻ അസിസ്റ്റന്റ് കമ്മീഷണറുടേതിന് തുല്യമായ ഉത്തരവാദിത്തം തന്ത്രിക്കുണ്ടെന്നും, അത് മറന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ മൗനാനുവാദം നൽകിയതെന്നും എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്ത്രി കൈപ്പറ്റുന്ന പ്രതിഫലം ദക്ഷിണയല്ല, മറിച്ച് ശമ്പളത്തിന് തുല്യമായ ‘പടിത്തര’മാണെന്ന നിയമോപദേശവും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലെ താഴ്മൺ മഠത്തിൽ അന്വേഷണസംഘം എട്ടു മണിക്കൂർ നീണ്ട നിർണ്ണായക പരിശോധന നടത്തി. എസ്.ഐ.ടി സംഘത്തിനൊപ്പം സ്വർണ്ണപ്പണിക്കാരുമുണ്ടായിരുന്നു. വീട്ടിലെ സ്വർണ്ണ ഉരുപ്പടികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വസ്തു ഇടപാടുകൾ എന്നിവ വിശദമായി പരിശോധിച്ചു. തന്ത്രിയുടെ ഭാര്യയുടെയും മകളുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബന്ധത്തെക്കുറിച്ചും വ്യക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഈ പരിശോധനയിലൂടെ ലക്ഷ്യമിട്ടത്.