ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് നിര്‍ണായകം; ജാമ്യഹര്‍ജിയില്‍ വിധി നാളെ

Jaihind News Bureau
Tuesday, February 10, 2026

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി നാളെ വിധി പറയും.

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, സ്വാഭാവിക ജാമ്യത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വാസു കോടതിയില്‍ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി, ഇക്കാര്യത്തില്‍ വിവേചനം കാണിക്കാനാവില്ലെന്നും വിധി നാളെ പ്രസ്താവിക്കുമെന്നും വ്യക്തമാക്കി. സ്വര്‍ണം പൂശിയ കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍. വാസു.

കേസിലെ മറ്റൊരു പ്രധാന പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെ കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. താന്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നതെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

കൊള്ളയടിച്ച സ്വര്‍ണം വാങ്ങിയെന്നാരോപിച്ച് അറസ്റ്റിലായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നടന്‍ ജയറാമിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ ലഭിച്ച പണം സിനിമയിലോ മറ്റ് ബിസിനസ്സുകളിലോ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്. അടുത്ത ആഴ്ച ഹാജരാകാനാണ് ജയറാമിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.