ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘത്തിന്റെ ‘മെല്ലെപ്പോക്ക്’ പ്രതികൾക്ക് തുണയാകുന്നു; കുറ്റപത്രം വൈകുന്നു

Jaihind News Bureau
Friday, January 23, 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ  ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം പ്രതികൾക്ക് ഗുണകരമാകുന്നു. പ്രതികൾ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതോടെ, നിയമപ്രകാരമുള്ള സ്വാഭാവിക ജാമ്യത്തിന്  പ്രതികൾ അർഹരാവുകയാണ്. പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു കഴിഞ്ഞു.

ദ്വാരപാലക ശില്പത്തിലും കട്ടിളപ്പാളിയിലും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രണ്ട് അഴിമതിക്കേസുകളിലും മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായി. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം ബോധപൂർവ്വം കേസ് വൈകിപ്പിക്കുകയാണെന്നും ഇത് കുറ്റവാളികളെ സഹായിക്കാനാണെന്നുമുള്ള ആക്ഷേപം ശക്തമാണ്. മുരാരി ബാബു സമർപ്പിച്ച രണ്ട് ജാമ്യഹർജികളിലും കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായി.

കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇത് നീട്ടിക്കിട്ടാനായി എസ്‌ഐടി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28-നാണ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന വാദം കോടതി അംഗീകരിച്ചാൽ, പ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാകാനുള്ള സാധ്യതയേറി.

 നേരത്തെ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തത് പ്രതിയുടെ നിയമപരമായ അവകാശമായി മാറുന്നതോടെ കാര്യങ്ങൾ മാറിമറിയുകയാണ്. മുരാരി ബാബുവിന് ജാമ്യം ലഭിച്ചാൽ അത് കേസിനെയാകെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം. ജാമ്യം തടയാനുള്ള മറ്റ് നിയമവഴികൾ എസ്‌ഐടി ഇപ്പോൾ ആലോചിക്കുന്നുണ്ട്. എങ്കിലും, ഈ വീഴ്ച കേസിലെ മറ്റ് പ്രതികൾക്കും ജാമ്യത്തിലേക്ക് വഴിതുറന്നേക്കാം.