
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റി അടക്കമുള്ള പ്രതികള്‍ മാറ്റിയോ എന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ വ്യക്തത വരുത്തും.
കേസിലെ ആദ്യ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസ്.എസ്.സിയിലെ വിദഗ്ധരെ കണ്ട് തയ്യാറാക്കിയ ശാസ്ത്രീയ റിപ്പോര്‍ട്ടാകും എസ്.ഐ.ടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. കൂടാതെ, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, അടൂര്‍ പ്രകാശ് എം.പി എന്നിവരെ ചോദ്യം ചെയ്തതുള്‍പ്പെടെയുള്ള അന്വേഷണ പുരോഗതിയും അടച്ചിട്ട കോടതി മുറിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി നേരത്തെ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കേസിലെ പ്രതികളുടെ ജാമ്യനീക്കങ്ങളും ഇന്ന് സജീവമാണ്. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസു സ്വാഭാവിക ജാമ്യം തേടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസുവിനെതിരെ നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യനീക്കം. കേസിലെ മറ്റ് നാല് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.
നിലവില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയിലും ഇന്ന് കോടതിയില്‍ വാദം നടക്കും. കട്ടിളപ്പാളി കേസിന് പുറമെ ദ്വാരപാലക ശില്പ കേസിലും തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍ കവര്‍ച്ചാ ഗൂഢാലോചനയില്‍ തന്ത്രിക്കും പങ്കുണ്ടെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.