ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും; മൊഴിയെടുക്കാന്‍ സമയം തേടി അന്വേഷണസംഘം

Jaihind News Bureau
Sunday, November 23, 2025

 

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ കേസില്‍ പ്രമുഖ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ വെച്ച് നടത്തിയ പൂജയില്‍ ജയറാം പങ്കെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. മൊഴിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ജയറാമിന്റെ സമയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അറ്റകുറ്റപ്പണികള്‍ എന്ന വ്യാജേന ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്‍പവും ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പലയിടങ്ങളില്‍ പൂജകളും പ്രദര്‍ശനവും നടത്തിയിരുന്നു. 2019-ല്‍ ചെന്നൈയില്‍ വെച്ച് ഇത്തരത്തില്‍ നടന്ന ഒരു പൂജയിലാണ് ജയറാമും ഗായകന്‍ വീരമണി രാജുവും പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ശബരിമലയില്‍ വെച്ചുള്ള മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പൂജയില്‍ പങ്കെടുത്തതെന്നും, ഇതിനായി പ്രതിക്ക് പണം നല്‍കിയിട്ടില്ലെന്നും ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റെ സ്വര്‍ണ്ണപ്പാളിയില്‍ പൂജ നടത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതിയാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും, ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നും ജയറാം അറിയിച്ചിട്ടുണ്ട്.