‘കള്ളന്‍ കപ്പലില്‍ തന്നെ’: സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക്; കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്‌തേക്കും

Jaihind News Bureau
Saturday, November 22, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം നിരവധി പ്രമുഖരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.

സ്വര്‍ണപ്പാളികള്‍ക്കുവേണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണ് എന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി. ഈ മൊഴിയാണ് കേസിന്റെ അന്വേഷണം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ദേവസ്വംബോര്‍ഡിലെ കൂടുതല്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി, അറസ്റ്റിലായ എ. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ, സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച ഫയലുകളുടെ നീക്കത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.