
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിലെ നിര്‍ണായക വ്യക്തിയെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശി ഡി മണി എന്ന ബാലമുരുകനെ സംഘം ഇന്ന് ചോദ്യം ചെയ്യും.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്താരാഷ്ട്ര മാഫിയയുടെ സഹായത്തോടെ വിദേശത്തേക്ക് കടത്തിയെന്നാണ് പ്രവാസി വ്യവസായിയുടെ പ്രധാന വെളിപ്പെടുത്തല്‍. ഈ മാഫിയാ സംഘവുമായി ബാലമുരുകന് അടുത്ത ബന്ധമുണ്ടെന്നും മൊഴിയിലുണ്ട്.
അതേസമയം, കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് തേടി. കോടതിയില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്ന നടപടികള്‍ പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.