
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ ഡി. മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ എസ്.ഐ.ടി നീക്കം നടത്തുന്നത്.
ചോദ്യം ചെയ്യലില്‍ താന്‍ ‘ഡി. മണി’യല്ലെന്നും ‘എം.എസ്. മണി’യാണെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍, അന്വേഷണ സംഘം ചോദ്യം ചെയ്തത് താന്‍ നേരത്തെ വെളിപ്പെടുത്തിയ ഡി. മണിയെത്തന്നെയാണെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറഞ്ഞു. ഇതോടെ വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. കേസിനു പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്ന് കണ്ടെത്താന്‍ ഡി. മണിയുടെ യഥാര്‍ത്ഥ പങ്കാളിത്തം തെളിയേണ്ടത് അനിവാര്യമാണ്.
പ്രതികളിലൊരാളുടെ ഫോണില്‍ കണ്ടെത്തിയ ബാലമുരുകന് എന്നയാളുടെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നതെന്ന് മണി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇയാളുടെ നിലപാട്. മണിയുടെ സഹായിയായ വിരുതനഗര്‍ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മണി മൗനം തുടരുന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
ഡി. മണി വെറുമൊരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് ഉറപ്പിച്ച അന്വേഷണ സംഘം, കൂടുതല്‍ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡി. മണിയുടെയും സഹായികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.