
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതി നടപടികള്‍ക്ക് ശേഷം രാത്രി വൈകി അദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. താന്‍ പൂര്‍ണ്ണ നിരപരാധിയാണെന്നും തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നും ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റ് പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രി, ആചാരലംഘനം നടത്തുകയും സ്വത്തുക്കള്‍ അപഹരിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തന്ത്രിയുടെ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ കടത്തിയപ്പോള്‍ തന്ത്രി അത് തടഞ്ഞില്ല. ഇതിന് അദ്ദേഹത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൊട്ടാരക്കരയിലെ വിജിലന്‍സ് ജഡ്ജി ഡോ. സി.എസ്. മോഹിത്തിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഈ മാസം 13-ന് പരിഗണിക്കും.