
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ തന്ത്രിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ അവിടെയെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്നതിൽ ക്രമക്കേട് നടത്തിയതിനും, സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായതിനും തന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കർ ദാസിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്കോ ജയിൽ ആശുപത്രിയിലേക്കോ മാറ്റുന്ന കാര്യത്തിൽ ഡോക്ടർമാരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി നാളെ തീരുമാനമെടുക്കും. നേരത്തെ അറസ്റ്റ് വൈകുന്നതിൽ കോടതിയിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രശാന്തിനെതിരെയും അറസ്റ്റ് സാധ്യതകൾ നിലനിൽക്കുന്നുണ്ട്; വീണ്ടും ഹാജരാകാൻ ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കേസിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭരണ-വിശ്വാസ തലപ്പത്തുള്ളവർക്കെതിരെ അന്വേഷണം നീങ്ങുന്നത് സർക്കാരിനും ദേവസ്വം ബോർഡിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.