
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുഖ്യ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി. തന്ത്രിയുടെ അറസ്റ്റ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ കാര്യങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ശബരിമല സന്നിധാനത്തെ കട്ടിളപ്പാളി അഴിച്ചുമാറ്റുന്നതിനോ അത് പുറത്തേക്ക് കൊണ്ടുപോകുന്നതിനോ തന്ത്രി തടസ്സം നിന്നില്ലെന്ന് പോലീസ് തയ്യാറാക്കിയ അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആചാരപ്രകാരം ഇത്തരം കാര്യങ്ങളിൽ ‘ദേവന്റെ അനുമതി’ (പ്രശ്നവിധി) വാങ്ങേണ്ടതുണ്ടെങ്കിലും അതിന് തന്ത്രി മുതിർന്നില്ല. സ്വർണ്ണപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് അറിഞ്ഞിട്ടും അതിന് മൗനാനുമതി നൽകിയ തന്ത്രിയുടെ നടപടി കുറ്റകരമാണെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.
സ്വർണ്ണക്കവർച്ച നടത്തുന്നതിനായി തന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടിളപ്പാളി മാറ്റുന്നത് തടയാൻ അധികാരമുണ്ടായിരുന്നിട്ടും പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് വേണ്ടി അദ്ദേഹം ഒത്തുനിന്നു. സംഭവത്തിൽ നടന്ന ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ ‘കുറ്റകരമായ മൗനം’ എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.