
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ആടി ഉലഞ്ഞ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം സമാപിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധം സഭയില്‍ തുടര്‍ച്ചയായി അലയടിച്ചതോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഗില്ലറ്റിന് ചെയ്തു പിരിഞ്ഞത്. സ്വര്‍ണ്ണക്കൊള്ളയില്‍ കനത്ത പ്രതിഷേധവുമായി സഭയില്‍ ആഞ്ഞടിച്ച ശേഷമാണ് പ്രതിപക്ഷം അവസാന ദിവസവും സഭ ബഹിഷ്കരിച്ചത്.
തന്ത്രിയെ അനാവശ്യമായി 40 ദിവസം ജയിലില്‍ അടച്ചതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിഷയം സഭയില്‍ അവതരിപ്പിച്ചുകൊണ്ട് കെ ബാബു ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു. ഇതിന് പിന്നാലെ
പ്രതിപക്ഷ പ്രതിഷേധത്തെ വിമര്ശിക്കുവാന് മന്ത്രിമാര്‍ക്ക് സ്പീക്കര്‍ അവസരം ഒരുക്കി കൊടുത്തു.
ശക്തമായ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനമായി സഭയ്ക്ക് പുറത്തേക്ക് നീങ്ങി. ജനങ്ങള്‍ തമസ്കരിച്ച കെയര്‍ ടേക്കര്‍ സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിയാണ് സഭയില്‍ കണ്ടതെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതിയായ കടകംപള്ളി സുരേന്ദ്രന് പുറത്ത് വിലസുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അയ്യപ്പ സംഗമത്തിന് മുന്‍കൈ എടുത്ത വാസവന് കൊള്ള പുറത്തു വന്നപ്പോള്‍ കൈകഴുകുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നേറ്റിവിറ്റി ബില്ലടക്കം പല ബില്ലുകളും ചര്‍ച്ച ഇല്ലാതെ പാസാക്കിയാക്കിയാണ് നിയമസഭാ സമ്മേളനം പിരിഞ്ഞത്. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ സഭയില്‍ കടന്നാക്രമിക്കുകയായിരുന്നു. വിവാദ വിഷയങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്ത്തിയപ്രതിപക്ഷം സര്‍ക്കാരിനെ പലകുറി വിചാരണ ചെയ്തു. സഭയ്ക്കകത്തെ പോരാട്ടം സഭയ്ക്ക് പുറത്ത് ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് മടങ്ങിയത്.