
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു, ദേവസ്വം കമ്മീഷണറായിരുന്ന 2019-ല്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍, താന്‍ വിരമിച്ചതിനുശേഷമാണ് പാളികള്‍ കൈമാറിയതെന്നും മുരാരി ബാബു നല്കിയ കത്ത് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ഇത് ശുപാര്‍ശയല്ലെന്നും എന്‍. വാസുവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. തന്റെ ജാമ്യ ഹര്‍ജിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ക്കെതിരെയാണ് പത്മകുമാര്‍ പ്രധാനമായും വാദമുയര്‍ത്തുന്നത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും താന്‍ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നുമാണ് പത്മകുമാറിന്റെ വാദം. മിനുട്സില്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയതില്‍ എല്ലാവര്ക്കും അറിവുണ്ടായിരുന്നുവെന്നും വീഴ്ചയുണ്ടെങ്കില്‍ അതില്‍ തനിക്ക് മാത്രമല്ല, എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷന് സ്വീകരിക്കുന്ന നിലപാടും കേസില്‍ നിര്‍ണ്ണായകമാകും.