ശബരിമല സ്വര്‍ണ്ണക്കൊള്ള: ശങ്കരദാസിനെതിരെ ഹൈക്കോടതി; എന്താണ് അസുഖം?; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഉത്തരവ്

Jaihind News Bureau
Wednesday, January 21, 2026

 

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശങ്കരദാസ് ഉന്നയിക്കുന്ന ശാരീരിക അസ്വസ്ഥതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനാണ് കോടതിയുടെ നീക്കം.

ശങ്കരദാസിനെ ജയിലില്‍ പാര്‍പ്പിച്ച് ചികിത്സ തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പരിശോധനാ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നേരിട്ട് ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യം നേടാനായി ആരോഗ്യപ്രശ്‌നങ്ങള്‍ ആയുധമാക്കുന്നു എന്ന സംശയങ്ങള്‍ക്കിടെയാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.

ശബരിമലയിലെ സ്വര്‍ണ്ണപ്പണികളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും ഗുഢാലോചനയിലും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശങ്കരദാസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രമുഖ പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ശങ്കരദാസിനെതിരെയും കോടതി നിലപാട് കടുപ്പിച്ചത്.