
ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേരള ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നല്കി. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി ആദ്യവാരം വരെ സമയം അനുവദിച്ചിരിക്കുന്നത്. നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി വിശദമായി പരിശോധിച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് എസ്ഐടി ഇടക്കാല റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചത്.
അതേസമയം, കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുകൂലമായ നിലപാടും ഹൈക്കോടതി സ്വീകരിച്ചു. കേസിന്റെ ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ പകര്‍പ്പിനായി മജിസ്ട്രേറ്റ് കോടതിയെ വീണ്ടും സമീപിക്കാന്‍ ഇഡിക്ക് ഹൈക്കോടതി അനുമതി നല്കി. എഫ്ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതിയുടെ മുന്‍ ഉത്തരവ് ഹൈക്കോടതി ഇതോടെ റദ്ദാക്കി. ഇഡി തങ്ങളുടെ ആവശ്യം കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ച് പുതിയ അപേക്ഷ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.