‘പഞ്ചാഗ്‌നി മദ്ധ്യേ തപസ്സു ചെയ്താലുമീ പാപ കര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ’; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

Jaihind News Bureau
Wednesday, January 21, 2026

കൊച്ചി: ശബരിമലയില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘കൂട്ടക്കൊള്ള’യാണെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്നും ഈ പാപകര്‍മ്മത്തിന് എന്ത് പ്രായശ്ചിത്തമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദീന്റെ കടുത്ത പരാമര്‍ശങ്ങള്‍.

എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള വ്യക്തികളാണ്. നിലവില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായ പത്മകുമാര്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ല. ഈ സ്വര്‍ണ്ണം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. അറസ്റ്റിലായ കെ.പി. ശങ്കര്‍ദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കൊപ്പം ഇരുത്തി ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

ചികിത്സയിലാണെന്ന് പറയപ്പെടുന്ന ശങ്കര്‍ദാസിന്റെ അസുഖമെന്താണെന്നോ, ചികിത്സയുടെ ഗൗരവമെന്താണെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ചലച്ചിത്ര ഗാനത്തിലെ വരികള്‍ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവം അവസാനിപ്പിച്ചത്. ‘പഞ്ചാഗ്‌നിമധ്യേ തപസ്സ് ചെയ്താലും ഈ പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ’ എന്ന വരികള്‍ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേട്ട ജനങ്ങളുടെ മനസ്സില്‍ ഓര്‍മ്മവരുമെന്ന് ജസ്റ്റിസ് ബദറുദീന്‍ പറഞ്ഞു. അത്രമേല്‍ ഗുരുതരമാണ് സന്നിധാനത്ത് നടന്ന ക്രമക്കേടുകളെന്നും കോടതി അടിവരയിട്ടു.