Sabarimala Gold Scam| ശബരിമല സ്വര്‍ണ്ണക്കടത്ത്: മുന്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു റിമാന്‍ഡില്‍; ഉന്നതരിലേക്ക് അന്വേഷണം നീളുന്നു

Jaihind News Bureau
Thursday, October 23, 2025

റാന്നി: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും നിലവില്‍ സസ്‌പെന്‍ഷനിലുമായ മുരാരി ബാബുവിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പാണെന്ന് വ്യാജരേഖ ചമച്ച ഗൂഢാലോചനയിലെ മുഖ്യകണ്ണിയാണ് മുരാരി ബാബു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.

വിവാദ ഇടനിലക്കാരന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. പോറ്റിക്ക് സ്വര്‍ണ്ണം കടത്താന്‍ എല്ലാ ഒത്താശയും നല്‍കിയ സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019-ല്‍ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് ഇദ്ദേഹം. 1998-ല്‍ ശ്രീകോവിലും ദ്വാരപാലക പാളികളും സ്വര്‍ണ്ണം പതിച്ച കാര്യം അറിയാമായിരുന്നിട്ടും, 2019 ലും 2024 ലും ഇത് ചെമ്പാണെന്ന് രേഖകളില്‍ തെറ്റായി എഴുതിച്ചേര്‍ത്തത് മുരാരി ബാബുവാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയ നിര്‍ണ്ണായക ആസൂത്രണത്തിന് പിന്നില്‍ മുരാരി ബാബുവാണെന്ന് ദേവസ്വം വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും (SIT) കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ പോറ്റിയുടെ കൈവശം തന്നെ കൊടുത്തയക്കാന്‍ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോര്‍ഡിന് നല്‍കിയതും ഇയാളാണ്.

വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന മുരാരി ബാബു ബോര്‍ഡിലെ ശക്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഈ കേസില്‍ അറസ്റ്റിലാകുമോ എന്നാണ് ആകാംഷയോടെ ഉറ്റുനോക്കുന്നത്. ‘കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം’ എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രതികരണം. പോറ്റിയുടെ തട്ടിപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, പ്രശാന്തിനെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ തിരിച്ചടിയാണ്.

പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ മുരാരി ബാബുവിനെതിരെ കേസെടുത്തത്. വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലും ദ്വാരപാലക ശില്‍പ്പങ്ങളും ഉള്‍പ്പെടെ 40 വര്‍ഷത്തെ ഗ്യാരന്റിയോടെ സ്വര്‍ണ്ണം പൊതിഞ്ഞ സമയത്തും ദേവസ്വം ബോര്‍ഡിന്റെ പ്രധാന ചുമതലയിലുണ്ടായിരുന്ന മുരാരി ബാബു, 2019-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി സംസ്ഥാനത്തിന് പുറത്തേക്ക് കൊടുത്തയച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.