la
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സംശയത്തെത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കേന്ദ്രാനുമതി ലഭിച്ചു. കൊച്ചി എന്‍ഫോഴ്സ്മെന്റ് യൂണിറ്റാണ് ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കുന്നത്. ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതോടെ ഇ.ഡിയുടെ ഔദ്യോഗിക അന്വേഷണം ആരംഭിക്കും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനാണ് ഇ.ഡി ആദ്യ പരിഗണന നല്‍കുന്നത്.
ഒക്ടോബര്‍ മാസം മുതല്‍ തന്നെ ഈ കേസില്‍ ഇ.ഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ക്കായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും പ്രത്യേക അന്വേഷണസംഘം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ട് ഡിസംബര്‍ 19-ന് വിജിലന്‍സ് കോടതി രേഖകള്‍ ഇ.ഡിക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) കേസെടുക്കാനാവശ്യമായ മതിയായ തെളിവുകള്‍ ഈ രേഖകളിലുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.
മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ സാമ്പത്തിക വിനിമയങ്ങളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. കൂടാതെ, കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും അദ്ദേഹം പരാമര്‍ശിച്ച പ്രവാസി വ്യവസായിയില്‍ നിന്നും ഇ.ഡി മൊഴിയെടുക്കുന്നതോടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപിക്കാനാണ് സാധ്യത.