‘ശബരിമല സ്വര്‍ണ്ണക്കൊള്ള വിശ്വാസികള്‍ക്ക് നേരെയുള്ള കടന്നാക്രമണം; കേസ് കോടതിയുടെ നിരീക്ഷണത്തിലുള്ള ഏജന്‍സി അന്വേഷിക്കണം’: കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Thursday, December 11, 2025

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റിയത് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും, കേസ് കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ഒരു ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്ക്കെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

41 ദിവസത്തെ കഠിനവ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ ഭഗവാനെ ഒരു നോക്ക് കാണാനാണ് എത്തുന്നത്. എന്നാല്‍, ശ്രീകോവിലിന് മുന്‍പിലുള്ള ധ്വജത്തിലെയും മറ്റും സ്വര്‍ണ്ണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നത്. ‘സ്വര്‍ണ്ണക്കൊള്ള എന്നത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് രാജ്യത്തെ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസത്തിനുമേലുള്ള കടന്നാക്രമണമാണ്,’ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

2019-ല്‍ ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍, ഇപ്പോള്‍ ഈ സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന പ്രതീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ കാരണം മാത്രമാണ് ഈ കേസില്‍ ഒരു അന്വേഷണം നടക്കുന്നതുപോലും. എന്നിരുന്നാലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേസിന്റെ സത്യസന്ധത ഉറപ്പാക്കാന്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷണം ഏറ്റെടുക്കണം എന്ന് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ‘നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ചുപിടിക്കുകയും, യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് വിശ്വാസ സമൂഹത്തോടുള്ള നീതിയാണ്. അതിനായി ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ഒരു ഏജന്‍സി തന്നെ കേസ് അന്വേഷിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.