ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന് വീണ്ടും തിരിച്ചടി; ദ്വാരപാലക പാളി കേസിലും ജാമ്യമില്ല

Jaihind News Bureau
Wednesday, January 7, 2026

 

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും തിരിച്ചടി. ദ്വാരപാലക പാളി കേസിലും പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കട്ടിളപ്പാളി കേസിലും പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും തള്ളിയിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, മറ്റൊരു പ്രതി മുരാരി ബാബു എന്നിവരെ കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. ഇതിനിടെ, രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ ഈ മാസം 14-ന് കോടതി പരിഗണിക്കും.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയത് ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും തനിക്ക് മാത്രമായി പങ്കില്ലെന്നുമായിരുന്നു പത്മകുമാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി, കേസിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം നിഷേധിക്കുകയായിരുന്നു. എസ്.ഐ.ടി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടുകളും ഡിജിറ്റല്‍ തെളിവുകളും പ്രതികള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.