“ശബരിമല സ്വർണ്ണക്കൊള്ള: നിർണ്ണായക അറസ്റ്റുകളുമായി എസ്ഐടി; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി സ്വദേശിയും അറസ്റ്റിൽ

Jaihind News Bureau
Friday, December 19, 2025

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കേസിൽ പ്രത്യേക അന്വേഷണ സംഘം രണ്ട് സുപ്രധാന അറസ്റ്റുകൾ രേഖപ്പെടുത്തി. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരി സ്വദേശി ഗോവർദ്ധനൻ എന്നിവരാണ് പിടിയിലായത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണപ്പാളികൾ വേർതിരിച്ചെടുത്തത് ഭണ്ഡാരിയുടെ കമ്പനിയിലാണെന്നും, ഈ സ്വർണ്ണം കല്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർദ്ധനന് വിറ്റെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബെല്ലാരിയിലെ ഗോവർദ്ധനന്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാമിലധികം സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.

കേസിന്റെ തുടക്കം മുതൽ അന്വേഷണ സംഘത്തെയും ദേവസ്വം വിജിലൻസിനെയും തെറ്റായ മൊഴികൾ നൽകി വഴിതിരിച്ചുവിടാനാണ് പങ്കജ് ഭണ്ഡാരി ശ്രമിച്ചത്. സ്വർണ്ണപ്പാളികൾ തന്റെ സ്ഥാപനത്തിൽ എത്തിയിട്ടില്ലെന്നും ചെമ്പ് പാളികൾ മാത്രമാണ് വന്നതെന്നുമായിരുന്നു ഇയാളുടെ ആദ്യവാദം. ഇന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും സ്വർണ്ണം പൂശുന്ന ജോലികൾ ഏറ്റെടുക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. ആ പാരമ്പര്യം മുൻനിർത്തി കോടതിയെയും ഇയാൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ശബരിമല മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പങ്കജ് ഭണ്ഡാരിയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയുടെ മൊഴിയിലും ഗോവർദ്ധനനെ പരിചയപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന് വ്യക്തമാക്കുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.