ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രേഖപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 2:30-നാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പലിയുടെയും ദ്വാരപാലക ശില്‍പ്പങ്ങളിലെയും സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ച് പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.
കേസില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണസംഘത്തിന് മൊഴി നല്‍കി. സ്‌പോണ്‍സറായി അപേക്ഷ നല്‍കിയത് മുതല്‍ ഗൂഢാലോചന ആരംഭിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബെംഗളൂരു സ്വദേശിയായ കല്‍പേഷിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതെന്നും പോറ്റി വെളിപ്പെടുത്തി. തട്ടിയെടുത്ത സ്വര്‍ണം പിന്നീട് പ്രതികള്‍ പങ്കിട്ടെടുത്തെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കൂടാതെ, ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്ന വിവരങ്ങളും പോറ്റി മൊഴിയായി നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍ 474 ഗ്രാം സ്വര്‍ണം പോറ്റിക്ക് തിരിച്ചുനല്‍കിയെന്ന് മൊഴി നല്‍കിയെങ്കിലും, രേഖകള്‍ പരിശോധിച്ചതില്‍ 11 ഗ്രാം സ്വര്‍ണം അധികമായി പോറ്റിയുടെ കൈവശം ഉണ്ടായിരുന്നതായും കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം ഇദ്ദേഹം കൈമാറിയതും കല്‍പേഷിനാണെന്ന് എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ 3:40 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് തന്നെ പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വര്‍ണം ഉരുക്കി കൊള്ളനടത്തിയതിന് പിന്നിലെ ഗൂഢാലോചന പൂര്‍ണമായി പുറത്തുകൊണ്ടുവരിക, ഒപ്പം ഈ ഇടപാടുകളില്‍ ദേവസ്വം ബോര്‍ഡിലെ ആരൊക്കെ പങ്കാളികളായി എന്ന് കണ്ടെത്തുക എന്നിവയാണ് എസ്.ഐ.ടിക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങള്‍.