
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ സുധീഷ് കുമാറിന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.
റിമാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, സ്വര്‍ണ്ണപ്പാളികള്‍ എന്ന വസ്തുത സുധീഷ് കുമാറിന് വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍, ഇത് മറച്ചുവെച്ച് ‘ചെമ്പ് പാളി’ എന്ന വ്യാജരേഖയുണ്ടാക്കാന്‍ ഇദ്ദേഹം ഗൂഢാലോചന നടത്തി. കൂടാതെ, പാളികള്‍ അഴിച്ചുമാറ്റുന്ന നിര്‍ണായക ഘട്ടത്തില്‍, ചട്ടപ്രകാരം ഉണ്ടായിരിക്കേണ്ട തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണ പാളികളെ വെറും ചെമ്പ് പാളികളെന്ന് രേഖപ്പെടുത്തിയ ശേഷം, നവീകരണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് ബോര്‍ഡിന് ഇദ്ദേഹം തെറ്റായ ശുപാര്‍ശ കത്ത് നല്‍കി. അതുപോലെ, തയ്യാറാക്കിയ മഹസ്സറുകളിലും ‘വെറും ചെമ്പ് തകിടുകള്‍’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ നടപടികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിക്കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹസര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതടക്കം നിരവധി ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിലെ മറ്റു പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴികളില്‍ സുധീഷ് കുമാറിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഈ മൊഴികള്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസറെ പ്രതിക്കൂട്ടിലാക്കുന്നതില്‍ നിര്‍ണായകമായി.