ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: കള്ളപ്പണ ഇടപാടില്‍ ഇഡി കേസ് ഇന്ന് രജിസ്റ്റര്‍ ചെയ്യും; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

Jaihind News Bureau
Thursday, January 8, 2026

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യും. പൊലീസിന്റെ എഫ്ഐആറിന് സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് എടുക്കുന്നതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കും.

കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പ്രാഥമികമായി പരിശോധിക്കുന്നത്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും ഇഡി മരവിപ്പിക്കും. കൊച്ചി അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക സംഘം അന്വേഷണം നടത്തുക. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു സാമ്പത്തിക ശൃംഖല തന്നെയുണ്ടെന്ന സംശയത്തിലാണ് ഇഡി ഈ നീക്കം നടത്തുന്നത്. വരും ദിവസങ്ങളില്‍ പ്രതികളെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തേക്കും.