ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ പ്രത്യേക അന്വേഷണ സംഘം ഇന്നും തുടരും. ചോദ്യം ചെയ്യലിനു ശേഷം കേസിന് നിര്‍ണായകമായേക്കാവുന്ന തെളിവെടുപ്പിനായി ഇയാളെ ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്ന് എസ്.ഐ.ടി. വിശേഷിപ്പിച്ച ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചെന്നൈയിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന സ്ഥാപനത്തില്‍നിന്ന് പോറ്റിയുടെ നിര്‍ദേശപ്രകാരം സ്വര്‍ണം കൊണ്ടുപോയ കല്‍പ്പേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.
2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലും ശ്രീകോവിലിന്റെ വാതില്‍പ്പാളികളിലും സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയതിലെ ക്രമക്കേടുകള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2019-ല്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയ സമയത്ത് 474.9 ഗ്രാം സ്വര്‍ണ്ണം കാണാതായിട്ടുണ്ടെന്ന് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലും തുടര്‍ന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. നേരത്തെ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികള്‍ കൈമാറുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അത് വെറും ‘ചെമ്പുപാളികള്‍’ മാത്രമായി രേഖകളില്‍ തിരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എസ്.ഐ.ടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നാം പ്രതിയാക്കി മോഷണം, ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൂടാതെ, ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു (സസ്പെന്‍ഷനിലാണ്), 2019-ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, മുന്‍ ദേവസ്വം സെക്രട്ടറിമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ പത്ത് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്.ഐ.ടി. അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമിക വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി എസ്.ഐ.ടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.