ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു

Jaihind News Bureau
Thursday, October 23, 2025

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ദ്വാരപാലക ശില്‍പ്പ പാളികളും കട്ടിളയും കടത്തിയ കേസുകളിലെ മുഖ്യപ്രതിയാണ് നിലവില്‍ സസ്‌പെന്‍ഷനിലുള്ള മുരാരി ബാബു. സ്വര്‍ണ്ണപ്പാളികളെ ചെമ്പ് പാളികള്‍ എന്ന് തിരുത്തിയെഴുതുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പങ്ക് ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുരാരി ബാബുവിനെ ഒറ്റയ്ക്കും, കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പവും ചോദ്യം ചെയ്യും.