ശബരിമല സ്വര്‍ണപ്പാളി വിവാദം: നിയമസഭ സ്തംഭിച്ചു, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Jaihind News Bureau
Monday, October 6, 2025

 

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ വിഷയം ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ചര്‍ച്ച അനുവദിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി.

‘അമ്പലം വിഴുങ്ങികള്‍’, ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഒരു മണിക്കൂറിനു ശേഷം സഭ വീണ്ടും ചേര്‍ന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതോടെ ബില്ലുകളുടെ അവതരണം ഉള്‍പ്പെടെയുള്ള സഭാ നടപടികള്‍ വേഗത്തിലാക്കി സ്പീക്കര്‍ ഇന്നത്തേക്ക് നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു. പ്രതിഷേധ പ്രകടനമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി.

സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിന് പങ്കുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ. അന്വേഷണം, ദേവസ്വം മന്ത്രിയുടെ രാജി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.