തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേസില്‍ പോറ്റി മാത്രമല്ല, പോറ്റിയ ‘പോറ്റി’യവരുമുണ്ടെന്നും അവരിലേക്ക് അന്വേഷണം എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം വേണ്ടി വന്നു എന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ‘ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അത് നല്ല കാര്യമാണ്,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയും വേഗം വീണ്ടെടുക്കണമെന്നും, ഉന്നതതലത്തിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസ് ‘ജംബോ പാര്‍ട്ടിയായതിനാല്‍’ അതിന് ചെറിയ നേതൃത്വം പോരെന്നും ശക്തമായ നേതൃത്വം തന്നെ ഹൈക്കമാന്‍ഡ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇനിയും ഭാരവാഹികള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മനെ ഭാവിയുടെ നേതാവായാണ് കാണുന്നതെന്ന് പറഞ്ഞ സണ്ണി ജോസഫ് കെപിസിസി പട്ടികക്ക് പിന്നാലെ ഡിസിസി പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ വിവരങ്ങളും ഇപ്പോള്‍ തുറന്നു പറയാന്‍ കഴിയില്ലെന്നും, എല്ലാ എംഎല്‍എമാരും പട്ടികയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.