തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കാലാകാലങ്ങളായി ഒരു വിവാദവുമില്ലാതെയാണ് യു.ഡി.എഫ്. സര്‍ക്കാരുകള്‍ ശബരിമലയും അവിടുത്തെ അനുഷ്ഠാനങ്ങളും കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ശബരിമല രാഷ്ട്രീയ വിവാദത്തിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
യുവതീ പ്രവേശം മുതല്‍ നിരവധി പ്രശ്‌നങ്ങളാണ് ശബരിമലയില്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. രാഷ്ട്രീയമായി ശബരിമലയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യ മുഴുവനുള്ള അയ്യപ്പ ഭക്തര്‍ പവിത്രമായി കരുതുന്ന സന്നിധാനത്ത് ഇതിലും വലിയ എന്ത് സംഭവമാണ് ഉണ്ടാകേണ്ടത്,’ കുഞ്ഞാലിക്കുട്ടി ചോദിച്ചു. 2019-നു ശേഷം നടന്ന കൊള്ള കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടത്തി വിഷയം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരത്തില്‍ യു.ഡി.എഫ്. അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.