ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യില്ല; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആലോചന

Jaihind News Bureau
Saturday, October 4, 2025

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ മുഖ്യകണ്ണിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പോറ്റിക്ക് നോട്ടീസ് നല്‍കിയിട്ടില്ല. കേസില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഗൗരവമായ ആലോചനകള്‍ നടക്കുന്നുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

സ്വര്‍ണ്ണപ്പാളി മാറ്റിയെന്ന ആരോപണം: സന്നിധാനത്തുനിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളി മാറ്റി പകരം ചെമ്പുപാളിയാണ് സ്ഥാപിച്ചതെന്നാണ് ഗുരുതരമായ ആരോപണം. ഈ നീക്കത്തിന് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൊണ്ടുപോയ സ്വര്‍ണ്ണപ്പാളി 40 ദിവസത്തിന് ശേഷം തിരികെ സ്ഥാപിക്കുന്നതിന് മുന്‍പ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇത് ബെംഗളൂരുവിലെത്തിച്ച് പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചതായും പൂജകള്‍ നടത്തിയതായും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമലയെ മുന്‍നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും, അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. മേല്‍ശാന്തിയുടെ സഹായിയായി ശബരിമലയിലെത്തിയ ഇദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് സ്‌പോണ്‍സറായി മാറുകയായിരുന്നു.

വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ, സ്വര്‍ണ്ണം പൂശിയിരുന്നില്ല എന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന പഴയ പത്രവാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നത് ബോര്‍ഡിനെ പ്രതിരോധത്തിലാക്കി. അതേസമയം, ശബരിമലയിലെ സമീപകാല സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.