P K Kunhalikutty| ശബരിമല സ്വര്‍ണ്ണക്കൊള്ള: സത്യം പുറത്തുവരും വരെ പ്രക്ഷോഭം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Thursday, October 9, 2025

 

തിരുവനന്തപുരം: ശബരിമലയില്‍ നടന്ന മോഷണം പുറത്തുകൊണ്ടുവരിക എന്നത് ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സത്യം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍ ഈ പ്രതിഷേധത്തെ വക്രീകരിക്കാനും കളവ് മൂടിവയ്ക്കാനുമുള്ള ശ്രമങ്ങളാണ് നിയമസഭയ്ക്കുള്ളില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇത് ഇങ്ങനെ വിട്ടുകൊടുക്കാനാകില്ല. ആരാണ് മോഷണം നടത്തിയതെന്ന് പുറത്തുവരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ വിഷയം കോടതിയും നിരീക്ഷിക്കുന്നുണ്ട്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യം പുറത്തുവരുന്നതുവരെ പ്രതിപക്ഷം പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.