ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ശബരിമലയിലെ മൂല്യമേറിയ വസ്തുക്കളുടെ കണക്കെടുക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ഹൈക്കോടതി ജഡ്ജ് കെ.ടി. ശങ്കരന്‍ ശനിയാഴ്ച സന്നിധാനത്തെത്തും. സന്നിധാനത്തെത്തുന്ന ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ആദ്യം പരിശോധിക്കുന്നത് ശബരിമലയിലെ സ്‌ട്രോങ്ങ് റൂമിലെ വിലപിടിപ്പുള്ള വസ്തുക്കളായിരിക്കും. ദേവസ്വം രജിസ്റ്ററിലെ കണക്കുകളും സ്‌ട്രോങ്ങ് റൂമിലെ വസ്തുക്കളും തമ്മില്‍ ഒത്തുനോക്കി ക്രോസ് ചെക്ക് ചെയ്യും. രജിസ്റ്ററില്‍ ഉള്ള വസ്തുക്കള്‍ സ്‌ട്രോങ്ങ് റൂമില്‍ കാണാതിരിക്കുകയോ തിരിച്ചോ ഉള്ള തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് വിശദമായ പരിശോധന നടത്തുന്നത്.
പരിശോധനാ വേളയില്‍ ജസ്റ്റിസിന് വിശ്വാസമുള്ളതും സ്വര്‍ണ്ണപ്പണിയില്‍ വൈദഗ്ധ്യമുള്ളതുമായ ഒരാളെ കൂടെ കൂട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വര്‍ണ്ണപ്പണിക്കാരനും ജസ്റ്റിസ് കെ.ടി. ശങ്കരനൊപ്പം ഉണ്ടാകും. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം പൂശിയ പുതിയ പാളിയുടെ പരിശോധന ഞായറാഴ്ച നടത്തും. ഈ പരിശോധന സമയത്ത് സ്വര്‍ണ്ണം പൂശിയ ചെന്നൈയിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന കമ്പനിയുടെ പ്രതിനിധികളും സ്ഥലത്ത് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരിശോധനകള്‍ക്ക് ശേഷം, ശബരിമലയിലെ സ്വര്‍ണ്ണമുള്‍പ്പെടെയുള്ള മൂല്യമുള്ള എല്ലാ വസ്തുക്കളുടെയും വിശദമായ റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഹൈക്കോടതി ദേവസ്വം ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിക്കും. പരിശോധനയ്ക്ക് കര്‍ശനമായ രഹസ്യസ്വഭാവം ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നാളത്തെ ദിവസം കോടതിക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.