Devaswom Vigilance| ശബരിമല സ്വര്‍ണ്ണപാളി വിവാദം: ദേവസ്വം വിജിലന്‍സ് സമഗ്ര റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Jaihind News Bureau
Friday, October 10, 2025

ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന്റെ സമഗ്ര റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണപാളികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് പുറമേ, ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വിവാദത്തില്‍ പങ്കുണ്ടെന്ന നിര്‍ണ്ണായകമായ വിവരങ്ങളും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടാകും. പൂര്‍ണ്ണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചാലുടന്‍, കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. കൂടാതെ, ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുമ്പോള്‍, സംശയ നിഴലിലുള്ള ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സ്ഥാനങ്ങളില്‍ തുടരുന്നതിനെ പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍, വിജിലന്‍സ് റിപ്പോര്‍ട്ടും തുടര്‍ന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകളും നിര്‍ണ്ണായകമാകും.